Friday 4 November 2011

വിഗ്രഹവും, ഫോട്ടോയും ഈശ്വരനാണോ?


ഈശ്വര വാദിക്കും നിരീശ്വരവാദിക്കും ഒരു പോലെയുള്ള ഒരു സംശയമാണിതെന്നു തോന്നുന്നു. ഗീതയില്‍ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. പന്ത്രണ്ടാം അദ്ധ്യായമായ ഭക്തിയോഗത്തില്‍.  
സാകാരാരാധനയും (രൂപത്തോട് കൂടിയ ആരാധന) നിരാകാരാരാധാനയും (രൂപമില്ലാത്ത ആരാധനയും) എന്തെന്ന് ഈ അദ്ധ്യായം എടുത്ത് പറയുന്നു. ഇനി നമ്മുടെ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് കടക്കാം. ദേഹാഭിമാനികള്‍ ആയ സാധാരണ ജനങ്ങള്‍ക്ക്‌ നിര്‍ഗ്ഗുണോപാസകന്റെ നിഷ്ഠ വളരെ പ്രയാസപ്പെട്ടാല്‍ മാത്രമേ കിട്ടുകയുള്ളൂ. അതിനാലാണ് സാകാരാരാധന അനുഷ്ഠിക്കപ്പെടുന്നത്.     

Monday 17 October 2011

മാനസിക തപസ്സു:

ദേവ ദ്വിജ പ്രാജ്ഞ പൂജനം ശൌചമാര്‍ജ്ജവം
ബ്രഹ്മചര്യമഹിംസാ ച ശാരീരം തപ ഉച്യതേ


അര്‍ത്ഥം:
ദേവന്‍, ബ്രാഹ്മണന്‍, ഗുരു, ആത്മ ജ്ഞാനികള്‍ എന്നിവരെ പൂജിക്കല്‍
ശുചിത്വം, ആര്‍ജ്ജവം, ബ്രഹ്മചര്യം, അഹിംസ എന്നിവ ശരീരം കൊണ്ടുള്ള തപസ്സാകുന്നു.

വ്യാഖ്യാനം:
ദേവനെ പൂജിക്കല്‍: ഈശ്വരനില്‍ മനസ്സ് ഉറപ്പിക്കുമ്പോള്‍ ഈശ്വരീയ ഗുണങ്ങള്‍ ഉപാസകനിലേക്ക് വന്നു ചേരും.

ബ്രാഹ്മണന്‍ എന്ന് ഉദദേശിക്കുന്നത് ഇവിടെ ഒരു പ്രത്യേക ജാതിയല്ല. അത് ഇനിയൊരിക്കല്‍ വിശദീകരിക്കാം.

ശുചിത്വം എന്നാല്‍ മനസ്സും ശരീരവും മാത്രമല്ല ഉടുക്കുന്ന വസ്ത്രവും ഉപയോഗിക്കുന്ന സാധനങ്ങളും ശുചിയായിരിക്കണം എന്നര്‍ത്ഥം.

ആര്‍ജ്ജവം എന്നാല്‍ കാപട്യമില്ലായ്മ, വക്രതയില്ലായ്മ എന്നൊക്കെയാണ് അര്‍ത്ഥം.. (മനസ്സും, പ്രവൃത്തിയും, വാക്കും പരസ്പര വിരുധമാകുമ്പോള്‍ വ്യക്തിയുടെ ശാന്തിയും, സമാധാനവും, മനോവീര്യവും നഷ്ടപ്പെടും.)

ബ്രഹ്മചര്യം എന്നാല്‍ വിഷയങ്ങളില്‍ നിന്ന് മനസ്സിനെ പിന്തിരിപ്പിച്ചു അന്തരാത്മാവില്‍ എകാഗ്രമാക്കള്‍ എന്നര്‍ത്ഥം.


അഹിംസ: മനസ്സ് കൊണ്ട് ആരെയും നോവിക്കാതിരിക്കുക.
മേല്‍പ്പറഞ്ഞ പ്രക്രിയകളാണ് മാനസിക തപസ്സിന്റെ ഭാഗമായി ചെയ്യേണ്ടത്.

Monday 3 October 2011

എന്താണ് ശ്രദ്ധ?

ഗീത ഒരു സമ്പൂര്‍ണ്ണ ശാസ്ത്രമാകയാല്‍ ഗീതയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ക്ക് അതിന്റേതായ വ്യാഖ്യാങ്ങള്‍ ഉണ്ട്. ഗീത മനസ്സിലാക്കണമെങ്കില്‍ ഒരു സാധകന് ആദ്യം വേണ്ട ഒരു ഗുണം ശ്രദ്ധയത്രേ.




എന്താണ് ശ്രദ്ധ? ശ്രദ്ധ എന്നാല്‍ വിശ്വാസം എന്ന് വ്യാഖ്യാനിച്ചു കാണാറുണ്ട്‌. എന്നാല്‍ വെറുമൊരു വിശ്വാസമല്ല ശ്രദ്ധ. എനിക്ക് അനുഭവമില്ലാത്ത കാര്യങ്ങളെക്കുറിച്ച് അനുഭവമുള്ള ജ്ഞാനി പറയുമ്പോള്‍ അത് സത്യമായിരിക്കുമെന്നു വിശ്വസിക്കുകയും അത് സത്യമോ എന്ന് ഞാന്‍ വിവേക പൂര്‍വ്വം പരീക്ഷിച്ചു നോക്കിയതിന്റെ ഫലമായി സ്വാനുഭവത്തില്‍ സത്യം തന്നെ എന്ന് തെളിയുന്നുവെങ്കില്‍ ആ വിശ്വാസത്തെ ശ്രദ്ധ എന്ന് പറയാം.

ഈ കഴിവ് വികസിപ്പിക്കുന്ന ഒരു സാധകന് മാത്രമേ ആത്മീയമായ ഉയര്‍ച്ച കൈവരിക്കുവാനാകൂ..

Sunday 25 September 2011

വാങ്ങ്മയ തപസ്സ്

അനുദ്വേകകരം വാക്യം സത്യം പ്രിയം ഹിതം ചയത്
സ്വാദ്ധ്യായാഭ്യസനം ചൈവ വാങ്ങ്മയ തപ ഉച്യതേ
(അദ്ധ്യായം 17 , ശ്ലോകം 15 )

നോട്ട് :
വാങ്ങ്മയ തപസ്സിന്റെ വ്യാഖ്യാനമാണ് മുകളില്‍ പറഞ്ഞത്.
ആദ്യം തപസ്സ് എന്താണെന്ന് പറയട്ടെ:
ആന്തരവീര്യം ചോര്‍ന്നു പോകാത്ത വിധത്തില്‍ വിഷയങ്ങളുമായി ബന്ധം സ്ഥാപിച്ച് വിവേകപൂര്‍വ്വം ജീവിക്കുന്നതിനെ തപസ്സു എന്ന് പറയുന്നു.


വ്യാഖ്യാനം: ഗീതയില്‍ തപസ്സിനെ മൂന്നായി കാണുന്നു. ശാരീരികം, വാങ്ങ്മയം, മാനസികം. വാക്കുകള്‍ - അത് സംസാരിക്കുന്ന ആളിന്റെ ബുദ്ധിശക്തിയേയും, മനോനിയന്ത്രണത്തേയും, ആത്മ നിയന്ത്രണത്തേയും വെളിപെടുത്തുന്നു. ഇവ മൂന്നുമില്ലാത്തവന്റെ വാക്കിന് വിലയും ആകര്‍ഷണവുമില്ല. വാക്കുകളിലൂടെ വ്യര്‍ത്ഥമായി പോകുന്ന ആന്തരികവീര്യത്തെ ആത്മശ്രേയസ്സിനായി സാധനയില്‍ വിനിയോഗിക്കാം.

(i) അനുദ്വേകകരം വാക്യം: അസഭ്യമായതോ, ശ്രോതാവിന്റെ വികാരത്തെ മുറിപ്പെടുത്തുന്നതോ ആയ വാക്കുകള്‍ പറയരുത്.

(ii) സത്യം പ്രിയം ഹിതം: വാക്കുകള്‍ സത്യമായിരിക്കണം. അന്യര്‍ക്ക് അപ്രിയമെങ്കില്‍ മിണ്ടാതിരിക്കുകയാണ് അഭികാമ്യം. കളവു പറയുന്നവന്റെ ചൈതന്യം നശിക്കുന്നു. (ബുദ്ധിയിലെ ആശയങ്ങള്‍ക്ക് അനുസൃതമായി പറയുന്ന വാക്കുകള്‍ സത്യവും, അവയെ വളച്ചൊടിച്ചു പറയുന്ന വാക്കുകള്‍ കളവുമാണ്.)

(iii) സ്വാദ്ധ്യായാഭ്യസനം: സത്യവും, പ്രിയങ്കരവും, ഹിതകരവും ആയ വാക്കുകള്‍ പറയുന്നത് വഴി സംഭരിച്ച വീര്യത്തെ ആത്മ ശ്രേയസ്സിനായി വിയോഗിക്കാന്‍ ആധ്യാത്മിക ഗ്രന്ഥങ്ങള്‍ മനനം ചെയ്യണം, ശാസ്ത്രപഠനജപധ്യാനാദികള്‍ ചെയ്യണം

Monday 9 November 2009

5. അര്‍ജുന വിഷാദം

ശ്ലോകം: 30
ഗാണ്ഡീവം സ്രമ്സദേഹസ്താത്
ത്വക്ചൈവ പരിദഹ്യദേ
ന ച ശക്നോമ്യവസ്ഥാതും
ഭ്രമതീവ ച മി മന:

വാക്യാര്‍ത്ഥം:
(ശത്രു സേനയിലെ ബന്ധു മിത്രാദികളെ കണ്ടിട്ട് അര്‍ജുനന്‍ പറയുന്നു:)
ഗാണ്ഡീവം കയ്യില്‍ നിന്നു ഉതിര്‍ന്നു വീഴുന്നു. തോല് ചുട്ടു പൊള്ളുന്നു. നില്‍ക്കാന്‍ കഴിയുന്നില്ല. ആകെയൊരു ഭ്രമം.

തത്വവിചാരം:
ജീവിതത്തിലെ പ്രധാന കര്‍മം നിര്‍വഹിക്കേണ്ട നേരത്ത് അര്‍ജുനന്‍ തളരുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ കാണാവുന്നതാണ്. ഉദാഹരണത്തിന്: ഒരു ജോലിയില്ലാതെ അഭ്യസ്ഥവിദ്യര്‍ ജോലിക്ക് ശ്രമിക്കുന്നു. ഒരു ഇന്റര്‍വ്യൂ ഇന് പോകേണ്ട നേരമാകുമ്പോള്‍ നിന്നു വിറക്കുന്നു. ഇത്രയും നാളത്തെ പരിശ്രമം എവിടെയാണോ ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടത് , ആ നിമിഷത്തില്‍ അവന്‍ തളരുന്നു. ഇതു പാടുണ്ടോ?

Saturday 7 November 2009

4. രഥ സ്ഥാപനം

ശ്ലോകം - 21
സേനയോരുഭയോര്‍മദ്ധ്യേ
രഥം സ്ഥാപയമേച്യുത


വാക്യാര്‍ത്ഥം:
രണ്ടു സേനകള്‍ക്കുമിടയിലായി രഥം കൊണ്ടു നിര്‍ത്തൂ അച്യുതാ.. (അര്‍ജുനന്‍ കൃഷ്ണനോട് പറയുന്നു.)

വ്യംഗ്യാര്‍ത്ഥം
ഈ വരികള്‍ ഒരു സത്യാന്വേഷകന്റെ ലക്ഷണത്തെ സൂചിപ്പിക്കുന്നു.

കുരുക്ഷേത്രയുദ്ധം ഓരോ മനുഷ്യന്റെയും ഉള്ളില്‍ നടക്കുന്നു എന്നാണ് സങ്കല്പം.
തന്റെ രഥം saathvika ആസുരിക ഭാവങ്ങള്‍ക്ക് നടുവില്‍ കൊണ്ടു നിര്‍ത്താന്‍ പാര്‍ത്ഥന്‍ അറിവിനെ ധരിച്ചവനായ മാധവനോട് പറയുന്നു.

3. രഥ കല്പന

ശ്ലോകം - 14
തത: ശ്വേതൈര്‍ ഹയൈര്‍ യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ
മാധവ: പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൌ പ്രദധ്മതു:


വാക്യാര്‍ത്ഥം:
വെള്ളക്കുതിരകളെ പൂട്ടിയ മഹത്തായ തേരില്‍ ഇരുന്നു കൊണ്ടു അര്‍ജുനനും, കൃഷ്ണനും ദിവ്യങ്ങളായ ശംഖുകള്‍ വിളിച്ചു.

തത്ത്വവിചാരം:
ഭഗവദ്‌ഗീതയില്‍ രഥത്തിനെ കുറിച്ചു വിവരിക്കുന്നില്ല. എങ്കിലും ഗീത ഉപനിഷത്ത് ക്കളുടെ സാരാംശം ആണെന്ന് മുമ്പെ പറഞ്ഞുവല്ലോ. അതിനാല്‍ ഉപനിഷത്ത്ക്കളിലെ ശ്ലോകങ്ങളെ ആസ്പദമാക്കി മുകളിലത്തെ വരികളെ കൂടുതല്‍ വിവരിക്കനാകുമാത്രേ.

അര്‍ജുനനെ സാധാരണ മനുഷ്യനോടു ഉപമിക്കാം.
അദ്ദേഹത്തിന്റെ കൊടിയുടെ ചിഹ്നം കപിയാണ്. കപി - എപ്പോഴും ചന്ജലനാണല്ലോ. ചഞ്ചല ചിത്തനായ മനുഷ്യനെ അര്‍ജുനനിലൂടെ നമുക്കു കാണാം.

ഗാണ്ഡവ ദഹനം കഴിഞ്ഞു കിട്ടിയതാണ് അര്‍ജുനന്റെ തേര്. ഈ തേരിനെ നമ്മുടെ ശരീരത്തിനോടാണ് ഉപമിക്കുന്നത്. (ശരീരത്തെ ദിവ്യം എന്ന് ഇവിടെ എടുത്തു പറയുന്നതു നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദിവ്യമായ നമ്മുടെ ശരീരത്തിന് അതര്‍ഹിക്കുന്ന ബഹുമാനം നമ്മള്‍ കൊടുക്കുന്നുണ്ടോ?)

അശ്വങ്ങള്‍ - ഇന്ദ്രിയങ്ങള്‍. അവയുടെ വെള്ള നിറം സാത്വികതയെ സൂചിപ്പിക്കുന്നു.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന കടിഞ്ഞാണ്‍ ആണ് മനസ്സ്.

കടിഞ്ഞാണ്‍ ആരുടെ കൈകളിലാണ്? - സാരഥിയായ മാധവന്റെ കൈകളില്‍. മാധവന്‍ എന്നാല്‍ അറിവിനെ ധരിച്ചവന്‍ എന്നത്രേ അര്‍ത്ഥം.

നമ്മുടെ ഉള്ളിലെ അറിവിനെ ധരിച്ച ചേതനയുടെ നിയന്ത്രണത്തില്‍ നമ്മുടെ ഇന്ദ്രിയങ്ങളും, ശരീരവും നില്‍ക്കുമ്പോള്‍, മോക്ഷ പ്രാപ്തി നമുക്കു സാധ്യമാണ്. അതിനുള്ള ഉപദേശമാണ് ഗീത.