Sunday 25 September 2011

വാങ്ങ്മയ തപസ്സ്

അനുദ്വേകകരം വാക്യം സത്യം പ്രിയം ഹിതം ചയത്
സ്വാദ്ധ്യായാഭ്യസനം ചൈവ വാങ്ങ്മയ തപ ഉച്യതേ
(അദ്ധ്യായം 17 , ശ്ലോകം 15 )

നോട്ട് :
വാങ്ങ്മയ തപസ്സിന്റെ വ്യാഖ്യാനമാണ് മുകളില്‍ പറഞ്ഞത്.
ആദ്യം തപസ്സ് എന്താണെന്ന് പറയട്ടെ:
ആന്തരവീര്യം ചോര്‍ന്നു പോകാത്ത വിധത്തില്‍ വിഷയങ്ങളുമായി ബന്ധം സ്ഥാപിച്ച് വിവേകപൂര്‍വ്വം ജീവിക്കുന്നതിനെ തപസ്സു എന്ന് പറയുന്നു.


വ്യാഖ്യാനം: ഗീതയില്‍ തപസ്സിനെ മൂന്നായി കാണുന്നു. ശാരീരികം, വാങ്ങ്മയം, മാനസികം. വാക്കുകള്‍ - അത് സംസാരിക്കുന്ന ആളിന്റെ ബുദ്ധിശക്തിയേയും, മനോനിയന്ത്രണത്തേയും, ആത്മ നിയന്ത്രണത്തേയും വെളിപെടുത്തുന്നു. ഇവ മൂന്നുമില്ലാത്തവന്റെ വാക്കിന് വിലയും ആകര്‍ഷണവുമില്ല. വാക്കുകളിലൂടെ വ്യര്‍ത്ഥമായി പോകുന്ന ആന്തരികവീര്യത്തെ ആത്മശ്രേയസ്സിനായി സാധനയില്‍ വിനിയോഗിക്കാം.

(i) അനുദ്വേകകരം വാക്യം: അസഭ്യമായതോ, ശ്രോതാവിന്റെ വികാരത്തെ മുറിപ്പെടുത്തുന്നതോ ആയ വാക്കുകള്‍ പറയരുത്.

(ii) സത്യം പ്രിയം ഹിതം: വാക്കുകള്‍ സത്യമായിരിക്കണം. അന്യര്‍ക്ക് അപ്രിയമെങ്കില്‍ മിണ്ടാതിരിക്കുകയാണ് അഭികാമ്യം. കളവു പറയുന്നവന്റെ ചൈതന്യം നശിക്കുന്നു. (ബുദ്ധിയിലെ ആശയങ്ങള്‍ക്ക് അനുസൃതമായി പറയുന്ന വാക്കുകള്‍ സത്യവും, അവയെ വളച്ചൊടിച്ചു പറയുന്ന വാക്കുകള്‍ കളവുമാണ്.)

(iii) സ്വാദ്ധ്യായാഭ്യസനം: സത്യവും, പ്രിയങ്കരവും, ഹിതകരവും ആയ വാക്കുകള്‍ പറയുന്നത് വഴി സംഭരിച്ച വീര്യത്തെ ആത്മ ശ്രേയസ്സിനായി വിയോഗിക്കാന്‍ ആധ്യാത്മിക ഗ്രന്ഥങ്ങള്‍ മനനം ചെയ്യണം, ശാസ്ത്രപഠനജപധ്യാനാദികള്‍ ചെയ്യണം