Monday 9 November 2009

5. അര്‍ജുന വിഷാദം

ശ്ലോകം: 30
ഗാണ്ഡീവം സ്രമ്സദേഹസ്താത്
ത്വക്ചൈവ പരിദഹ്യദേ
ന ച ശക്നോമ്യവസ്ഥാതും
ഭ്രമതീവ ച മി മന:

വാക്യാര്‍ത്ഥം:
(ശത്രു സേനയിലെ ബന്ധു മിത്രാദികളെ കണ്ടിട്ട് അര്‍ജുനന്‍ പറയുന്നു:)
ഗാണ്ഡീവം കയ്യില്‍ നിന്നു ഉതിര്‍ന്നു വീഴുന്നു. തോല് ചുട്ടു പൊള്ളുന്നു. നില്‍ക്കാന്‍ കഴിയുന്നില്ല. ആകെയൊരു ഭ്രമം.

തത്വവിചാരം:
ജീവിതത്തിലെ പ്രധാന കര്‍മം നിര്‍വഹിക്കേണ്ട നേരത്ത് അര്‍ജുനന്‍ തളരുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ കാണാവുന്നതാണ്. ഉദാഹരണത്തിന്: ഒരു ജോലിയില്ലാതെ അഭ്യസ്ഥവിദ്യര്‍ ജോലിക്ക് ശ്രമിക്കുന്നു. ഒരു ഇന്റര്‍വ്യൂ ഇന് പോകേണ്ട നേരമാകുമ്പോള്‍ നിന്നു വിറക്കുന്നു. ഇത്രയും നാളത്തെ പരിശ്രമം എവിടെയാണോ ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടത് , ആ നിമിഷത്തില്‍ അവന്‍ തളരുന്നു. ഇതു പാടുണ്ടോ?

Saturday 7 November 2009

4. രഥ സ്ഥാപനം

ശ്ലോകം - 21
സേനയോരുഭയോര്‍മദ്ധ്യേ
രഥം സ്ഥാപയമേച്യുത


വാക്യാര്‍ത്ഥം:
രണ്ടു സേനകള്‍ക്കുമിടയിലായി രഥം കൊണ്ടു നിര്‍ത്തൂ അച്യുതാ.. (അര്‍ജുനന്‍ കൃഷ്ണനോട് പറയുന്നു.)

വ്യംഗ്യാര്‍ത്ഥം
ഈ വരികള്‍ ഒരു സത്യാന്വേഷകന്റെ ലക്ഷണത്തെ സൂചിപ്പിക്കുന്നു.

കുരുക്ഷേത്രയുദ്ധം ഓരോ മനുഷ്യന്റെയും ഉള്ളില്‍ നടക്കുന്നു എന്നാണ് സങ്കല്പം.
തന്റെ രഥം saathvika ആസുരിക ഭാവങ്ങള്‍ക്ക് നടുവില്‍ കൊണ്ടു നിര്‍ത്താന്‍ പാര്‍ത്ഥന്‍ അറിവിനെ ധരിച്ചവനായ മാധവനോട് പറയുന്നു.

3. രഥ കല്പന

ശ്ലോകം - 14
തത: ശ്വേതൈര്‍ ഹയൈര്‍ യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ
മാധവ: പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൌ പ്രദധ്മതു:


വാക്യാര്‍ത്ഥം:
വെള്ളക്കുതിരകളെ പൂട്ടിയ മഹത്തായ തേരില്‍ ഇരുന്നു കൊണ്ടു അര്‍ജുനനും, കൃഷ്ണനും ദിവ്യങ്ങളായ ശംഖുകള്‍ വിളിച്ചു.

തത്ത്വവിചാരം:
ഭഗവദ്‌ഗീതയില്‍ രഥത്തിനെ കുറിച്ചു വിവരിക്കുന്നില്ല. എങ്കിലും ഗീത ഉപനിഷത്ത് ക്കളുടെ സാരാംശം ആണെന്ന് മുമ്പെ പറഞ്ഞുവല്ലോ. അതിനാല്‍ ഉപനിഷത്ത്ക്കളിലെ ശ്ലോകങ്ങളെ ആസ്പദമാക്കി മുകളിലത്തെ വരികളെ കൂടുതല്‍ വിവരിക്കനാകുമാത്രേ.

അര്‍ജുനനെ സാധാരണ മനുഷ്യനോടു ഉപമിക്കാം.
അദ്ദേഹത്തിന്റെ കൊടിയുടെ ചിഹ്നം കപിയാണ്. കപി - എപ്പോഴും ചന്ജലനാണല്ലോ. ചഞ്ചല ചിത്തനായ മനുഷ്യനെ അര്‍ജുനനിലൂടെ നമുക്കു കാണാം.

ഗാണ്ഡവ ദഹനം കഴിഞ്ഞു കിട്ടിയതാണ് അര്‍ജുനന്റെ തേര്. ഈ തേരിനെ നമ്മുടെ ശരീരത്തിനോടാണ് ഉപമിക്കുന്നത്. (ശരീരത്തെ ദിവ്യം എന്ന് ഇവിടെ എടുത്തു പറയുന്നതു നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദിവ്യമായ നമ്മുടെ ശരീരത്തിന് അതര്‍ഹിക്കുന്ന ബഹുമാനം നമ്മള്‍ കൊടുക്കുന്നുണ്ടോ?)

അശ്വങ്ങള്‍ - ഇന്ദ്രിയങ്ങള്‍. അവയുടെ വെള്ള നിറം സാത്വികതയെ സൂചിപ്പിക്കുന്നു.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന കടിഞ്ഞാണ്‍ ആണ് മനസ്സ്.

കടിഞ്ഞാണ്‍ ആരുടെ കൈകളിലാണ്? - സാരഥിയായ മാധവന്റെ കൈകളില്‍. മാധവന്‍ എന്നാല്‍ അറിവിനെ ധരിച്ചവന്‍ എന്നത്രേ അര്‍ത്ഥം.

നമ്മുടെ ഉള്ളിലെ അറിവിനെ ധരിച്ച ചേതനയുടെ നിയന്ത്രണത്തില്‍ നമ്മുടെ ഇന്ദ്രിയങ്ങളും, ശരീരവും നില്‍ക്കുമ്പോള്‍, മോക്ഷ പ്രാപ്തി നമുക്കു സാധ്യമാണ്. അതിനുള്ള ഉപദേശമാണ് ഗീത.

Friday 6 November 2009

2. ഒന്നാം അദ്ധ്യായത്തില്‍ നിന്നു

ഒന്നാം അദ്ധ്യായം:
അര്‍ജ്ജുനവിഷാദ യോഗം:

എന്റെ പ്രിയപ്പെട്ടതെന്നു പറഞ്ഞു കൂടാ.. എങ്കിലും, ഇതു വരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വ്യാഖ്യാനം ഈ വരികളില്‍ കണ്ടപ്പോള്‍ കുറിച്ചിടണമെന്നു തോന്നി.

ശ്ളോകങ്ങള്‍ താഴെ:
12-13
തസ്യ സന്ജനയന്‍ ഹര്‍ഷം
കുരുവൃദ്ധ: പിതാ മഹാ:
സിംഹനാദം വിനദ്യോച്ചൈ:
ശംഖം ദദ് മൌ പ്രതാപവാന്‍

തത ശംഖാശ്ച്ച ഭേര്യശ്ച്ച
പണവാനകഗോമുഖാ:
സഹസൈവാഭ്യ ഹന്യന്ത
സ ശബ്ദ സ്തുമുലോഭവതു


15-18

പാന്ജജന്യം ഹൃഷീകേശോ
ദേവദത്തം ധനന്ജയ
പൌണ്ഡ്രം ദധ് മൌ മഹാശംഖം
ഭീമ കര്‍മാ വൃകോദര:


അനന്ത വിജയം രാജാ
കുന്തീ പുത്രോ യുധിഷ്‌ ഠിര :
നകുല: സഹദേവശ്ച :
സുഘോഷമണി പുഷ്പകൌ


കാശ്യശ്ച പരമേഷ്വാസ:
ശിഖണ്ഡീ ച മഹാരഥ:
ധൃഷ്ടദ്യുമ്നോ വിരാടശ്ച
സാത്യകീശ്ച്ചാപരാജിത:

ദ്രുപദൊ ദ്രൌപദേയാശ്ച
സര്‍വ്വശ: പ്രുഥിവീപതേ
സൌഭദ്രശ്ച മഹാബാചു:
ശംഖാന്‍ ദധ് മു പ്രുഥക് പ്രുഥക്


വാക്യാര്‍ത്ഥം:
12-13
ദുര്യോധനനെ സന്തോഷിപ്പിക്കാനായി ഭീഷ്മ പിതാമഹന്‍ (യുദ്ധത്തിന് തൊട്ടു മുന്പ്) തന്റെ ശംഖു മുഴക്കി. ഉടനെ തന്നെ കൌരവപ്പട ഭേരി, ഗോമുഖം തുടങ്ങിയ വാദ്യ ഘോഷങ്ങള്‍ മുഴക്കി. അവിടം ഒരു കോലാഹലം ആയി.

15-18
കൃഷ്ണന്‍ തന്റെ പാന്‍ജജന്യം എന്ന ശംഖും , അര്‍ജുനന്‍ ദേവദത്തം എന്ന ശംഖും , ഭീമന്‍ പൌണ് ഡ്രം എന്ന ശംഖും, യുധിഷ്‌ ഠിരന്‍ അനന്തവിജയം എന്ന ശംഖും, നകുലന്‍ സുഘോഷം എന്ന ശംഖും, സഹദേവന്‍ മണിപുഷ്പകം എന്ന് ശംഖും മുഴക്കി.

കാശി രാജാവും, ശിഖണ്ഡിയും, ധൃഷ്ടദ്യുംനനും, വിരാട രാജാവും, സാത്യകിയും, ദ്രുപദനും, പാന്ജാലി പുത്രന്മാരും, അഭിമന്യുവും അവരുടെ ശംഖുകള്‍ വിളിച്ചു.

ഇനി ശ്രദ്ധിക്കൂ..
കൌരവപ്പട ഈ ലോകത്തില്‍ എണ്ണത്തില്‍ അധികമുള്ള ആസുരിക ഭാവങ്ങളെയും, പാ ണ്ഡവപ്പട ഇന്നു വിരളമായിരിക്കുന്ന സാത്വിക ഭാവങ്ങളെയും പ്രതിനിധാനം ചെയ്യുന്നു എന്ന് പറയേണ്ടതില്ലല്ലോ.

കവിയുടെ വര്‍ണ്ണന ഒന്നു ശ്രദ്ധിച്ചാല്‍ കൌരവപ്പടയുടെ ശംഖ് വിളി ഒരു കോലാഹലം ആയിരുന്നുവെന്നും പാണ്ടവപ്പടയുടെ ശംഖ് വിളി അതിന്റേതായ ഒരു ക്രമത്തില്‍ ആയിരുന്നുവെന്നും മനസ്സിലാക്കമാത്രെ.

നമുക്കു മനസിലാക്കാന്‍ \ തത്ത്വവിചാരം :
അച്ചടക്കം ഇല്ലായ്മ ആസുരിക ഭാവങ്ങളോട് അനുബന്ധിച്ചവയെന്നും, മറിച്ച്, അടുക്കും ചിട്ടയും, അച്ചടക്കവും സാത്വിക ഭാവങ്ങളോട് അനുബന്ധിച്ചവയെന്നും നമുക്കു മനസ്സിലാക്കി കൂടെ..?

Thursday 5 November 2009

1. ഗീതാ ധ്യാനത്തില്‍ നിന്ന്

Note: ഇതു ഗീതയുടെ ഭാഗം അല്ല.

സര്‍വ്വോപനിഷദോ ഗാവോ
ദോഗ് ദ്‌ധാ ഗോപാല നന്ദന
പാര്‍ത്‌ ഥോവത്സ സുധീര്‍ ഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്.

എല്ല ഉപനിഷത്തുകളെയും ഗോമാതാവ് എന്നും അര്‍ജുനനെ പശുക്കിടാവ് എന്നും ഭഗവാനെ കറവക്കാരനെന്നും സങ്കല്പിച്ചു, ഗീത എന്ന മഹത്തായ അമൃത് കറന്നെടുക്കുന്ന കവി സങ്കല്പം അനിര്‍വ്വചനീയം!