Saturday 7 November 2009

3. രഥ കല്പന

ശ്ലോകം - 14
തത: ശ്വേതൈര്‍ ഹയൈര്‍ യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ
മാധവ: പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൌ പ്രദധ്മതു:


വാക്യാര്‍ത്ഥം:
വെള്ളക്കുതിരകളെ പൂട്ടിയ മഹത്തായ തേരില്‍ ഇരുന്നു കൊണ്ടു അര്‍ജുനനും, കൃഷ്ണനും ദിവ്യങ്ങളായ ശംഖുകള്‍ വിളിച്ചു.

തത്ത്വവിചാരം:
ഭഗവദ്‌ഗീതയില്‍ രഥത്തിനെ കുറിച്ചു വിവരിക്കുന്നില്ല. എങ്കിലും ഗീത ഉപനിഷത്ത് ക്കളുടെ സാരാംശം ആണെന്ന് മുമ്പെ പറഞ്ഞുവല്ലോ. അതിനാല്‍ ഉപനിഷത്ത്ക്കളിലെ ശ്ലോകങ്ങളെ ആസ്പദമാക്കി മുകളിലത്തെ വരികളെ കൂടുതല്‍ വിവരിക്കനാകുമാത്രേ.

അര്‍ജുനനെ സാധാരണ മനുഷ്യനോടു ഉപമിക്കാം.
അദ്ദേഹത്തിന്റെ കൊടിയുടെ ചിഹ്നം കപിയാണ്. കപി - എപ്പോഴും ചന്ജലനാണല്ലോ. ചഞ്ചല ചിത്തനായ മനുഷ്യനെ അര്‍ജുനനിലൂടെ നമുക്കു കാണാം.

ഗാണ്ഡവ ദഹനം കഴിഞ്ഞു കിട്ടിയതാണ് അര്‍ജുനന്റെ തേര്. ഈ തേരിനെ നമ്മുടെ ശരീരത്തിനോടാണ് ഉപമിക്കുന്നത്. (ശരീരത്തെ ദിവ്യം എന്ന് ഇവിടെ എടുത്തു പറയുന്നതു നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദിവ്യമായ നമ്മുടെ ശരീരത്തിന് അതര്‍ഹിക്കുന്ന ബഹുമാനം നമ്മള്‍ കൊടുക്കുന്നുണ്ടോ?)

അശ്വങ്ങള്‍ - ഇന്ദ്രിയങ്ങള്‍. അവയുടെ വെള്ള നിറം സാത്വികതയെ സൂചിപ്പിക്കുന്നു.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന കടിഞ്ഞാണ്‍ ആണ് മനസ്സ്.

കടിഞ്ഞാണ്‍ ആരുടെ കൈകളിലാണ്? - സാരഥിയായ മാധവന്റെ കൈകളില്‍. മാധവന്‍ എന്നാല്‍ അറിവിനെ ധരിച്ചവന്‍ എന്നത്രേ അര്‍ത്ഥം.

നമ്മുടെ ഉള്ളിലെ അറിവിനെ ധരിച്ച ചേതനയുടെ നിയന്ത്രണത്തില്‍ നമ്മുടെ ഇന്ദ്രിയങ്ങളും, ശരീരവും നില്‍ക്കുമ്പോള്‍, മോക്ഷ പ്രാപ്തി നമുക്കു സാധ്യമാണ്. അതിനുള്ള ഉപദേശമാണ് ഗീത.

1 comment:

  1. ഇന്ദ്രിയങ്ങല്ക്ക പ്പുറത്താണ് മനസ്സ്‌
    മനസ്സിനെയും കടന്നു നില്ക്കുന്നു ബുദ്ധി.....
    ആ ഇന്ദ്രിയങ്ങളെ ആരാണ് പ്രേരിപ്പിക്കുന്നത് ആ ചിത്തവൃത്തികളെ ഞാനൊന്നു കാണട്ടെ....ഇതും അര്ത്ഥൃമാകും

    ഗീത തിര്ച്ചമയായും മോക്ഷാപ്രാപ്തിക്കുപകരിക്കും

    ReplyDelete

Comments are moderated and would be published after the blogger approves the same.